Thursday, August 1, 2013

മഴപക്ഷി

മഴപക്ഷി   നീയെന്റെ മനസ്സിൽ
മയിൽ‌പീലി കാറ്റുമായ്‌ വന്നൂ
മയിൽ‌പീലി കാറ്റുമായി വന്നു .
തഴുകി തലോടി താമരയിതല്പോൾ -
തനുവിനെ തണുപ്പിചിടുന്നു , മഴയായ് -
തനുവിനെ തണുപ്പിച്ചിടുന്നു.

നിന് ഖിന്ന മൌനങ്ങളല്ലോ,
കാര്മേഘകൂട്ടമായ് വന്നൂ,
തമ്മിൽ സ്വകാര്യങ്ങൾ ചൊല്ലി-
കണ്ണുനീർ കാവ്യങ്ങളെഴുതി .
കരയുവാനറിയാത്ത കണ്ണുനീർ കൂട്ടമായ്‌ -
മണ്ണിന്റെ മാറിൽ പിടഞ്ഞു , മൌനങ്ങൾ-
മണ്ണിന്റെ മാറിൽ പിടഞ്ഞൂ .

നിന് ശൈത്യ ചാരുതയേകി -
നനവെന്നെ നോവിൽ പൊതിഞ്ഞു
നിന് പദ സരങ്ങളിൽ ഗാനം,
ഈറനണിഞ്ഞേ നിന്നൂ.
വാതിലിൻ പിന്പേ മറഞ്ഞൂ , കാലം-
മൂകമായ് മൂളിയതെല്ലാം.
ആർദ്രമായ്‌ പെയ്യുവാനറിയാതെ പെരുമഴ,
കഴലുകൾ വേച്ചു വലഞ്ഞൂ, പലവട്ടം-
കഴലുകൾ വേച്ചു വലഞ്ഞൂ .




 

Saturday, July 20, 2013

കൂട്ടുകാരി

നിദ്ര തലോടുമ്പോൾ ഓമനേ-
നീയെന്റെ നൂറു കിനാവുകൾ കണ്ടുറ ങ്ങൂ.
നിന്നരികെ ഞാനൊ രീറൻ  നിലാവായ്-
അഞ്ജന ചെപ്പുകളൊരുക്കി   വയ്ക്കാം.

നമ്മളുറങ്ങും മുന്പോടിയോളിക്കുമീ-
നിദ്രയെ പായിട്ടുറക്കിടാം ഞാൻ .
നൂറ്റൊന്നു വ്രതവും നോറ്റിട്ടു ഞാൻ
നിന്റെയിത്തിരി കോലായിൽ   കാത്തിരിക്കാം.

വേദന വീണ്ടും വാക്കുകളില്ലാതെ-
വാതിൽ പ്പടിയിൽ ചടഞ്ഞിരിപ്പൂ.
രാത്രിയിൽ കോർത്തിട്ട മാലകളൊക്കെയും
പാതിരാ കാറ്റിൽ കറുത്ത് പോയോ?

ഓർമ്മകൾ ഓടി വന്നുമ്മ തന്നേച്ചു പോം -
മുന്നേ നിന് മിഴി നീ തുറക്കൂ.
നിന്റെ വിചാരങ്ങൾ നിന്നെ ഉപേഷിച്ചുപോം-
മുൻപേ കോവിലിൻ നട തുറക്കൂ.

നിന്റെ നിശ്വാസവും നൂറു വിശ്വാസവും-
നെയ്ത്തിരി വിളക്കായ് കത്തിനില്ക്കും,
നീയുണരുമ്പോൾ നിന്നെയുണര്ത്തിയ-
വേണുവിൻ ഗാനമോ നിലച്ചിരിക്കും.

ആയിരം ദീപങ്ങൾ ജ്വലിച്ചിരിക്കുംനിൻ -
ന്നോര്മ്മയിലതിലോന്നെടുത്തിരിക്കും,
ഓളങ്ങൾ ഓർമ്മയെ തട്ടി നോവിക്കുമ്പോൾ -
കൂട്ടിനായ് അതിലൊന്നൊഴുകിയെത്തും.



Wednesday, July 17, 2013

മണല്പ്പാട്ട്

എവിടെ പോയ്‌ നീ മറഞ്ഞു -
നിളയെ, നിന്റെ നീരാട്ടിനായ്.
അരികെ ഞാനിരിക്കുന്നതോ -
അറിയാതെ നീ ഒളിക്കുന്നുവോ ?


പുളിനം  പട്ടുകൽപാടി-
പുഴയോടോട്ടുരുമ്മുന്നു .
നനവിൻ നീർക്കുടങ്ങൾ 
നിറയെ മുറിയും രക്തബന്ധങ്ങൾ ,
നിനവിൻ നീറ്റലേറും-
നമ്മളറിയാ കുഞ്ഞു പൈതങ്ങൾ .

തണുവിൻ ജ്വരമിറങ്ങുമ്പോൾ -നമ്മൾ 
തകരാതെ നമ്മെ കാക്കണം .


ഓർമ്മകളോടി കളിക്കുമാ കൈവഴി-
കാറ്റിൽ കിനിയുന്ന കുസൃതി കയ്യടി,
പൊട്ടുവളകൾ കിലുങ്ങുന്ന നിന് കരം-
പാട്ടുകൾ പാടി പതിയുമാ നിന് സ്വരം.


നദിയായ് നീയൊഴുകുന്നതിൽ -
മണല്തരിയായ് ഞാനലിയുന്നു,
നമ്മൾ നമ്മളിലെപ്പോഴോ-
നല്ല കഥകൾ തിരയുന്നു.
നമുക്കായ് പിറക്കാ പൈതലിൻ
നല്ല താരാട്ടു മൂളുന്നു.


നാമുണരുന്നു 
നമുക്കില്ലാ സ്വപ്നങ്ങളെ-
ഓർത്തു, പുഴയെ നീ വറുതി തിന്നുന്നു,
നദിയുണങ്ങുന്നു.
മണൽ ത്തീരം തകര്ന്നു വീഴുന്നു-
നിന്റെ നനവിനായ് ഞാൻ നിലവിളിക്കുന്നു !
മനമുണരുന്നു, മരണവും-
നിനവിൽ നിന്റെ ഓർമ്മയും .


തണുവിൻ  ജ്വരമിറങ്ങുമ്പോൾ നമ്മൾ 
തകരാതെ നമ്മെ കാക്കണം.




Monday, August 13, 2012

രതിയും രാഗവും

രതിയും  രാഗവും!

ഗിത്താറിന്റെ-
ഗീതം
മാംസത്തില്‍ അലിയുന്നത്!

വീണ്ടും വീണ്ടും
മന്ത്ര നാദമായി
വിരുന്നു വരുന്നത്!

ആരോ
വിരല്‍തുംബാല്‍-
തൊടുന്നു,
ഞാന്‍ പാടുന്നു!

സാമൂഹ്യപാഠം

കുനിയന്‍ ഉറുമ്പുകള്‍-
കുനുകുനെ
കുമിഞ്ഞുകൂടുന്നു!

ഒരു പച്ചിലപൂച്ചിയുടെ-
വിക്രുത ജഡം
വഴിയരികില്‍ നിന്നും
വലിച്ചിഴച്ചു.....
ഉറുമ്പുകളുടെ
നാളത്തെ അത്താഴം!

ഒരു ക്ഷണം,
കറുത്ത വാലാട്ടിക്കിളി-
കൂര്‍ത്ത ചുണ്ടാല്‍--
കൊത്തിയകലുന്നതോ-
കാത്തുവച്ചൊരത്താഴം !

സാമൂഹ്യപാഠം,

"മയിറ്റ് ഈസ്‌ റൈറ്റ് ".




Saturday, August 11, 2012

ഉറക്കം

വരൂ നമുക്ക്
പായ വിടര്‍ത്തി-
വിള ക്ക്  അണച്ച്
ജപങ്ങള്‍ ചൊല്ലി
ജനാലയിലെ ചന്ദ്രനെ
നോക്കി
വെറുതെ കിടക്കാം!
കഥകള്‍ തീരും വരെ
ഉറങ്ങാതെ
കിടക്കാം


മാപ്പ് ചൊല്ലാം
ചിരിക്കാം,
 ഭയങ്ങള്‍  മറന്നു
ചുണ്ടില്‍ ചുംബനംചേര്‍ത്ത്
നമുക്ക് ഉറക്കം നടിക്കാം !


നമുക്കറിയില്ല
നമ്മുടേത്‌ അല്ലാത്ത നാളയെ !
നമ്മളറിയാത്ത
നമ്മുടെ ഉറക്കത്തെ!




കന്യക

പുസ്തക താളുകളില്‍-
പുതുമഴ പെയ്തിറങ്ങി-
പാതിരാ സ്വപ്നങ്ങളുടെ-
പായക്കപ്പലുകള്‍
ഓര്‍മകളാല്‍ ഓളങ്ങള്‍ തള്ളി-
തീരങ്ങളെ  ചിരിപ്പിച്ചു
ചിരിക്കുന്നു .

ചക്രവാളങ്ങളില്‍
ചിറകുചേര്‍ത്ത്
വെള്ളക്കൊറ്റികള്‍
ആകാശ മേലാപ്പില്‍ഒഴുകും
അരയന്നമായി
വെളുത്ത കടലാസില്‍
അലിയാന്‍ തുടങ്ങവേ
പിറകില്‍ ആകാശം
കറുത്ത മേഘം പുതച്ചു
വിഷാദ രോഗിണി
കന്യയാകുന്നു !

ഇനി അവളുടെ
ചന്നം ചിന്നം ചിലമ്പല്‍,
മതിയില്‍ ഭ്രമിച്ചു മൌനയായ്
നയനമിരുണ്ട് കണ്ണീരാല്‍
കരയുടെ കരങ്ങള്‍ ഗ്രസിച്ചു
ശാന്തയായി വിതുമ്പുന്നു !

അകലെ
പട്ടുവെള്ള പാവാടയില്‍
പായക്കപ്പലുകള്‍
പാതിരാ തേടുന്നു!
ആകാശ തേരില്‍
അരയന്നമായി  ഇവളും
മഴ തേടി മറയുന്നു



Saturday, February 11, 2012

"ഫ്രെമ്മും ടുവും"

രാത്രിമാധുര്യത്തിന്‍-
ഉമിനീരൂറിച്ചു-
പശചേര്‍ത്തു,
ഭദ്രമായി ചേര്‍ത്തുവച്ച-
സ്വകാര്യതയുടെ-
സ്വപ്‌നങ്ങള്‍ ഇഴ ചേര്‍ന്ന കത്ത്!

സത്യം വെളുപ്പിക്കുന്ന-
രാവില്‍,
ഉറക്കമുണരുമ്പോള്‍,
വിലാസമില്ലാത്തത് !

നഗരമുണരുമ്പോള്‍, 
തപാല്‍ പെട്ടിയുടെ-
അന്ധകാരത്തില്‍,
മോചനം കാത്തു-
വിങ്ങി വിയര്‍ത്തു-
തപാല്‍ക്കാരനുപോലും-
വേണ്ടാതെ!

തെരുവിലേക്ക്-
എറിയപ്പെടും മുന്പാരെങ്കിലും-
തുറന്നു വായിച്ചിരുന്നേല്‍! 

മഴയിലും വേവിലും -
ദയയില്ലാത്തവര്‍-
ചവിട്ടിയരക്കുന്നു!

"ഫ്രെമ്മും ടുവും" 
ഇല്ലാത്തവ,
തപാല്‍ വകുപ്പിന്റെ 
ഉരുപ്പിടിയല്ലെന്നു !..........................!.



രണ്ടു വയസ്സുകാരി 'ബേബി ഫലക്കിനെ' ഓര്‍ക്കുന്നു.

Thursday, February 2, 2012

ആത്മകഥ

വിളക്കണക്കൂ
വരൂ നമുക്കിരുട്ടില്‍,
വീണ്ടുമീ പുസ്തകം-
വായിക്കണം! 
കറുത്ത അക്ഷരങ്ങള്‍-
തുന്നിയെടുത്ത-
കമ്പിളിപ്പുതപ്പിന്നുള്ളില്‍-
കഥയുടെ ചൂടും ഗന്ധവും,
എഴുത്തുകാരന്റെ-
ഭയവും നാണവും-
നമുക്ക് കേള്‍ക്കാം!
ഇനി വിളക്ക് തെളിച്ചീ-
പുസ്തകം പൂജിക്കണം!
പകലിന്റെ കഥയെഴുതി-
പുതുതായി വീണ്ടും-
വായിക്കണം!
അവസാനം-
പുറം ചട്ടയിട്ടു-
'ആത്മകഥയെന്നെഴുതി-
നീ കാത്തുകൊള്ളുക,
ഞാന്‍ തിരികെയെത്തും വരേയ്ക്കും !!

പാഴ്മരം

വാതിലടച്ചിപ്പുറത്തു-
കാതോര്‍ത്തു...
ഒടുവില്‍,
വാതിലില്‍ മുട്ടുന്ന-
വാടകക്കാരന്‍!!
"മുറിയൊഴിയണം"
അങ്ങനെ മറ്റൊരു-
വാതില്‍ കൂടി അടഞ്ഞിരിക്കുന്നു!
അവസാന നമ്പര്‍,
ഡയല്‍ ടോണില്‍ മറുപടി-
"ക്ഷമിക്കണം, ഈ നമ്പര്‍-
ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ല!"
വെളിച്ചം കെട്ടു രാത്രിയായി,
ഉപേഷിച്ച് പോയ-
ഉറക്കത്തെ-
ഒരു പോള കണ്ണടക്കാതെ-
ഓര്‍ക്കുന്നു!
രാവിലെ തപാലുകാരന്‍,
'തിരിച്ചു വന്ന' ഒരു കത്തുമായ് !

ഇനി വിലാസമില്ലാത്ത 
പ്രവാസ ജീവിതം!
റോഡരികിലെ മരം- 
മുനിസിപാലിറ്റി-
മുറിച്ചിരിക്കുന്നു !
ആ തണലും-
അവര്‍ കവര്‍ന്നെടുത്തു!
അത്യുഷ്ണവും-
അതിശൈത്യവും കൊണ്ട്-
റോഡരികില്‍-
ചിതലെടുക്കും പാഴ്മരം! 
അതിലൊരു പാഴ്മുള!
ചിതയിലൊടുങ്ങും വരെ-
ചിരിച്ചു കൊണ്ട്!